Search

Article

10/12/2022

ഈ ദിവസത്തിന് വല്ലാത്ത തെളിച്ചമാണ്…

ഈ തീനാളത്തിന് പറയാനുള്ളത് നമ്മൾ അനുഭവിക്കാത്ത പൊള്ളുന്ന നേരുകളുടെ കണ്ണീരുപ്പ് കലർന്ന കഥയുമാണ് ..

ചുവരിലെ കലണ്ടർ ഈ ഡിസംബർ മാസത്തോടൊപ്പം മറഞ്ഞു പോയേക്കാം…

എന്നാൽ മറക്കാത്ത തിയ്യതിയായി കാലം 2022 ഡിസംബറിലെ ഒമ്പതാം തിയ്യതി അടയാളപ്പെടുത്തും .

മലബാർ ഗ്രൂപ്പ് ചെയർമാൻ എംപി അഹമ്മദ്ക്കയും എംഡി അഷറും ചേർന്ന് ഡൽഹിയിൽ  തീ കൊളുത്തി ഉദ്ഘാടനം ചെയ്യുന്നത് ഒരു അടുക്കളയാണ് .

വെറും അടുക്കളയല്ല ,

വിശക്കുന്നവന്റെ അടുക്കള ..

നഗരങ്ങളിൽ , ചേരികളിൽ , ലോകത്തിന്റെ പലയിടങ്ങളിൽ ലക്ഷക്കണക്കിന് മനുഷ്യർ ഒരു നേരത്തെ അന്നത്തിന് വകയില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട് . 

മലബാർ ഗ്രൂപ്പ് തുടങ്ങി വെച്ചത് ഒരു അടുക്കള മാത്രമല്ല hunger free world എന്ന വലിയ ആശയത്തിലേക്കുള്ള വഴി കൂടിയാണ് ,

ഡൽഹിയിൽ മാത്രമല്ല ,ഒരാളുടെയും വയറു വിശപ്പിനാൽ പുകയാതിരിക്കാനായി ഇന്ത്യയുടെ പല ദിക്കുകളിൽ, തെരുവുകളിൽ ഇനിയും  അടുക്കളകൾ  പുകയും.

അവിടെ നിന്ന് ഭക്ഷണപ്പൊതികളുമായി വളണ്ടിയർമാർ തെരുവിലും ചേരികളിലും എത്തും ..

ഇന്ത്യയുടെ നഗരങ്ങളിൽ , തെരുവുകളിൽ , പട്ടിണി നിറഞ്ഞ ചേരികളിൽ പ്രതിദിനം 15000 പേർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്ന പദ്ധതിയാണിത് ,

ഭക്ഷണം മാത്രമല്ല , ഇവിടങ്ങളിൽ സ്കൂളിൽ പോകാത്ത , അതിന് ഭാഗ്യമില്ലാതെ പോയ മക്കളുണ്ട് 

അവരുടെ വിദ്യാഭ്യാസവും ഈ പദ്ധതിയുടെ ഭാഗമാണ് .

അതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചേരിപ്രദേശങ്ങളിൽ  ആദ്യഘട്ടം 100 ചെറു വിദ്യാലയങ്ങൾ തുടങ്ങും ,

വിദ്യാഭ്യാസം എന്ന സ്വപ്നം കാണാൻ കുട്ടികളെയും  മാതാപിതാക്കളെയും പ്രാപ്തരാക്കും ,

 അക്ഷരങ്ങൾ പഠിപ്പിച്ച് നെഞ്ചിൽ സ്വപ്നങ്ങൾ നിറച്ച് അവരെ  അതാതിടങ്ങളിലെ ഗവ: സ്കൂളുകളിൽ എത്തിക്കും ..

(കൽക്കത്തയിലെ  ഒരമ്മ പറഞ്ഞത് ഓർമ്മയുണ്ട്

റെയിൽവേ സ്റ്റേഷനിലാണ് താമസം ,

അവരുടെ മൂന്ന് മക്കൾക്കും പഠിക്കണം. 

പക്ഷേ ഭക്ഷണം തന്നെ കിട്ടാത്ത അവസ്ഥയിൽ പഠനം എന്നത് ആ അമ്മയെ സംബന്ധിച്ച് നടക്കാത്ത സ്വപ്നമാണ് )

ഈ പ്രവർത്തനങ്ങൾക്കൊപ്പം  ദാരിദ്ര്യം വരിഞ്ഞു മുറുക്കിയ ജീവിതങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തും , ഡോക്ടറുടെ സേവനവും മരുന്നും  ഉറപ്പാക്കും ..

എല്ലാം വിശപ്പു തന്നെയാണ്

അടിസ്ഥാന ആവശ്യങ്ങൾക്ക് വേണ്ടിയുള്ള വിശപ്പുകൾ . hunger free world എന്ന് മലബാർ ഗ്രൂപ്പ് പറയുന്നത് ഇതെല്ലാം ചേർന്ന സ്വപ്നങ്ങളെ കുറിച്ചാണ് .

തണലുമായി ചേർന്നാണ് ഈ പദ്ധതിക്ക് പ്രായോഗിക രൂപം നൽകുക.

ഒരു കോടി രൂപയാണ് മലബാർ ഗോൾഡ് ഈ പദ്ധതിക്കായി ഒരു മാസം മാറ്റി വെക്കുന്നത് .

തീർച്ചയായും മലബാർ ഗ്രൂപ്പിന്റെ ഈ പ്രഖ്യാപനം കാലം ഓർത്തു വെക്കുക തന്നെ ചെയ്യും .

ഇത് ലോകത്തിന്റെ പട്ടിണിക്കെതിരെ നാടിനെ ചേർത്ത് നടത്തുന്ന പ്രവർത്തനമാണ് ,

വിശപ്പ് മാറിയ  കുട്ടികളും വൃദ്ധരും സ്ത്രീകളും ചിരിക്കുന്ന ദിവസത്തിനായുള്ള പ്രവർത്തനമാണ് …

എല്ലാവരും ഇതേ പോലെ ഒത്തുപിടിച്ചാൽ യുനൈറ്റഡ് നാഷൺ പറഞ്ഞത് പോലെ 

വിശപ്പു രഹിത ലോകം പൂവണിയുക തന്നെ ചെയ്യും 

തീർച്ച  …

Share