Search

Events

തണൽ സി – പ്രൊജക്റ്റ് പ്രഖ്യാപനം

2022 നവംബർ 1 കേരളപ്പിറവി. കൂടെ വയനാടിന്റെ 42-ാം പിറവിയും. പോരാളികളെ കൊണ്ട് ധന്യമായ സംഗമം. മഞ്ഞു പെയ്യുന്ന വയനാടൻ മലമടക്കുകളിൽ നിന്ന് ആശയങ്ങൾക്ക് ചൂടു പിടിച്ച പുലരിയിൽ പറഞ്ഞതിലും നേരത്തെ പുതിയൊരു ചുവടുവെപ്പിനായി അവർ എത്തി അനാഥ ബാല്യങ്ങളെയും അവരുടെ കുടുംബത്തെയും മുഖ്യധാരയിലെത്തിക്കുമെന്ന വലിയ പ്രഭാഷണങ്ങൾ ഉയർന്നു കേൾക്കാത്ത സംഗമം. ഗ്രാമീണ ഇന്ത്യയുടെ സ്പന്ദനം തൊട്ടറിഞ്ഞു കൊണ്ടുള്ള പ്രയാണത്തിന്റെ തുടക്കം. ജീവിതമാകുന്ന  യാഥാർത്ഥ്യത്തിലേക്ക് പലരാൽ ജീവിക്കപ്പെടാമെന്നല്ല. സ്വയം ജീവിക്കാം എന്നുറച്ച വിശ്വാസത്തിൽ അവർ ദീർഘനേരം ചേർന്നിരുന്ന സംഗമം. ഇരുണ്ട രാത്രികളുടെ അന്ധകാരവും. പ്രകാശം പരക്കാത്ത പകലുകളും… കറുപ്പണിയിച്ച ജീവിതങ്ങളെ ചേർത്ത് പിടിക്കുന്ന  സാന്നിധ്യമാണ് തണലെന്ന തിരിച്ചറിവ് പകർന്ന സംഗമം. കുറ്റ്യാടിയിൽ നിന്നും വെള്ളമുണ്ടയിൽ നിന്നും എത്തിയ  സ്വർഗ്ഗാവകാശികളായ  മാലാഖമാർ. പരിമിധികളെ അതിജീവിക്കുന്നതിന്റെ ഹൃദ്യമായ അനുഭവങ്ങൾ ഒപ്പിയെടുത്ത സംഗമം. ഡൽഹിയിലെ തെരുവിന്റെ  നേർക്കാഴ്ചകൾ തണൽ ചെയർമാനിലൂടെ അവർ തൊട്ടറിഞ്ഞു. ഇരുൾ വീണ നാട്ടുവഴികളിൽ കനൽവെട്ടം പരത്താൻ ഞങ്ങളും തണലിനോടൊപ്പമുണ്ടാകുമെന്നവർ പറയാതെ പറഞ്ഞ സംഗമം. ഇരുട്ടു വീഴുന്ന ഓരോ സന്ധ്യയും അടുത്ത പ്രഭാതത്തിന്റെ നാന്ദിയാണെന്ന തിരിച്ചറിവിൽ. കണ്ണുകളിൽ ആഹ്ലാദവും…തിളക്കവുമായി… അവർ തിരിച്ചു നടന്നു..പരസ്പരം ചോദിച്ചു കൊണ്ട് ഇനിയെന്ന്, എവിടെയാണ് സംഗമം….

Share