Search

Inspiring Stories

കുറ്റ്യാടി തണലിലെ അനഘയുടെ അമ്മ പറയുന്നു

ഞാൻ അനഘയുടെ അമ്മയാണ്. കൈവേലിയാണ് സ്വന്തം വീട്. ഭർത്താവ് ഗംഗാധരൻ. കാഴ്ചപരിമിതിയുള്ള മകൾ അനഘയെയും കൊണ്ട് തണൽ കരുണ സ്കൂളിലേക് ഞങ്ങൾ വരുമ്പോൾ മനസ്സിൽ വല്ലാത്തൊരു ആശങ്കയിരുന്നു. മോള് എങ്ങനെ ഇവിടെ നിൽക്കും, സ്വന്തമായി നടക്കാൻ പോലും അവൾക്കാവില്ലല്ലോ? എന്നൊക്കെയായിരുന്നു ചിന്ത. പലപ്പോഴും പുറത്ത് പോകുമ്പോൾ ഞാൻ കൂടെ ഉണ്ടായിട്ടുപോലും അവൾ കരയാറായിരുന്നു പതിവ്. തണൽ കരുണ സ്ക്കൂളിലെ കാഴ്ച പരിമിതിയുള്ള സഫിയ ടീച്ചർ താൽപര്യത്തോടെ പറഞ്ഞു. വിഷമികരുത്, നമുക്ക് മോളെ എന്തായാലും മാറ്റി എടുക്കാമെന്ന്. എന്നിരുന്നാലും എനിക്ക് ഒട്ടും പ്രതീക്ഷ ഉണ്ടായിരുന്നില്ല. പിന്നീടുള്ള ദിവസങ്ങൾ ശരിക്കും ഞങ്ങളെ അൽഭുതപ്പെടുത്തി. രണ്ടാഴ്ച കഴിയുമ്പോഴേക്കും അനഘയും സഫിയ ടീച്ചറും തമ്മിൽ പറഞ്ഞറിയിക്കാനാവാത്ത വിധം അടുത്തു. ലിഫ്റ്റിൽ ആയിരുന്നു അവർ ക്ലാസ്സിലേക് പോകുകയും വരികയും ചെയ്തിരുന്നത്. പിന്നെ കുട്ടികളുടെ തിരക്ക് ഒഴിയുമ്പോൾ ടീച്ചർ അവളെയും കൊണ്ട് സ്റ്റെപ്  ഇറങ്ങാനും കയറാനും തുടങ്ങി. അവളുടെ ഭാരം മുഴുവൻ ടീച്ചറുടെ കൈകളിൽ താങ്ങുകയായിരുന്നു ശരിക്കും. പതിയെ പതിയെ അവൾ കമ്പിയിൽ പിടിച്ച് ഒറ്റക്ക്തന്നെ  സ്റ്റെപ് കയറാൻ ശീലിച്ചു. അപ്പോഴും ടീച്ചർ അവളുടെ പിറകെ നടക്കുക മാത്രം ചെയ്തു. ഇത്രെയും മാറ്റം അവളിൽ കണ്ടുതുടങ്ങിയതോടെ അവളെ ഇനി ഒറ്റയ്ക്ക് തന്നെ നടത്തണം എന്ന് ടീച്ചർ പറഞ്ഞു. അവൾക്ക് പിടിക്കാതെ നിൽക്കാൻ പോലും പറ്റാത്ത അവസ്‌ഥ ആയിരുന്നു തണലിൽ വരുമ്പോൾ. വീൽ ചെയറിലായിരുന്നു സദാസമയവും. അവൾ സ്വന്തം തന്നെ നടക്കുമെന്ന ടീച്ചറുടെ ആത്മ വിശ്വാസം നിറഞ്ഞ മറുപടി ഞങ്ങളിലും പ്രതീക്ഷജനിപ്പിച്ചു. സ്ക്കൂൾ ദിവസങ്ങളിൽ അനഘയെ ടീച്ചറെ ഏൽപിച്ച് വൈകീട്ട് ക്ലാസ്  തീരും വരെ താഴെ കുട്ടികൾ നടത്തുന്ന കടിയങ്ങാട് കാമ്പസിലെ മിനി സൂപ്പർമാർക്കറ്റിലാണ് ഞാൻ ഇരിക്കാറ്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് അവിടെ ഇരിക്കുമ്പോൾ എനിക്ക് ടീച്ചറുടെ ഒരു ഫോൺ വന്നു. അമ്മ ഒന്ന് ക്ലാസ്സിൽ വരുമോയെന്ന് ചോദിച്ചു. മോൾക്ക് എന്തോപറ്റിയെന്ന് കരുതി ഞാൻ ഭയത്തോടെ ഓടി ചെന്ന് നോക്കുമ്പോൾ എന്റെ പൊന്നുമോൾ ആരും പിടിക്കാതെ ക്ലാസ് വരാന്തയിലൂടെ ടീച്ചറുടെ ശബ്ദം കേട്ട ഭാഗത്തേക്ക് നടക്കുന്ന കാഴ്ചയാണ്  കണ്ടത്. ടീച്ചർക്കും മകൾക്കും കാഴ്ചയില്ല, അവർ രണ്ടുപേരും എന്നെ കാണുന്നുമില്ല. വിശ്വാസം വരാതെ എൻ്റെ രണ്ടു കണ്ണുകളും സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി.. വർഷങ്ങളായി ഞാൻ പ്രാർത്ഥനയോടെ കാത്തിരുന്ന നിമിഷമായിരുന്നു അത്. ഓടിച്ചെന്ന് ഞാൻ സഫിയ ടീച്ചറെ കെട്ടിപിടിച്ചു. സന്തോഷം കൊണ്ട് ഒന്നും പറയാൻ കഴിയുന്നില്ല. എന്റെ അവസ്‌ഥ ടീച്ചർക്കും  മനസിലായി. അനഘ ഒറ്റയ്ക്ക് നടന്നില്ലേ അമ്മേ ടീച്ചർ സന്തോഷത്തോടെ ചോദിച്ചു. ടീച്ചറുടെ മുന്നിൽ കൈകൾകുപ്പി ഞാൻ നിന്നു ഒരുപാട് ഒരുപാട് നന്ദിയോടെ. എന്റെ മകളുടെ പുനർ ജന്മമായിരുന്നു അത്. സഫിയ ടീച്ചർ എല്ലാമാണ് അവൾക്കിപ്പോൾ. സഫിയ ടീച്ചറുടെ മകളെന്നാണ് അനഘ ഇപ്പോൾ എല്ലാവരോടും പറയാറ്. അവധി ദിവസങ്ങൾ വരുന്നത് അനഘയ്ക്ക് ഒട്ടും ഇഷ്ടമല്ല,കാരണം ടീച്ചറെ കാണാതിരിക്കാൻ അവൾക്കാവില്ല .വീട്ടിൽ എന്ത് ഭക്ഷണം ഉണ്ടാക്കിയാലും അതിലൊരുപങ്ക് സഫിയ ടീച്ചർക്ക് മാറ്റിവെയ്ക്കണമെന്നത് അവൾക് നിർബന്ധമാണ്. അത്രയ്ക്കും ആത്മ ബന്ധം ടീച്ചറും അനഘയും തമ്മിൽ ഉണ്ട്.

എൻ്റെ മകളെ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിച്ച സഫിയ ടീച്ചറെയും കുറ്റ്യാടി തണൽ കരുണ സ്ക്കൂളിനെയും മരണം വരെ എനിക്കും കുടുംബത്തിനും മറക്കാനാവില്ല. നല്ലൊരു പാട്ടുകാരികൂടിയായ മകൾക്ക് ലഭിച്ച ഈ സൗഭാഗ്യം വിലമതിക്കാനാവാത്തതാണ്. 

തണൽ ഒരുക്കിത്തരുന്ന സംരംഭങ്ങൾ എത്ര മാത്രം മഹത്തരമാണെന്ന് അനുഭവത്തിലൂടെ തിരിച്ചറിത്തവരാണ് ഞാനും എൻ്റെ കുടുംബവും.

ആ നന്ദിയും കടപ്പാടും ഞങ്ങൾക്ക് എന്നുമുണ്ടാവും.

സവിനയം,

താവുള്ളകൊല്ലി 

റീജ കൈപ്പുറത്ത്,

കൈവേലി

Share