Search

Inspiring Stories

റയാൻ ആദ്യമായി സ്കൂളിലേക്ക്… മനസ്സും വാതിലും തുറന്നിട്ട കാനഡയിലെ ഭിന്നശേഷി സൗഹൃദ ഉൾചേർന്നുകൊണ്ടുള്ള സ്കൂളുകൾ (Inclusive Schools)

നോവ സ്കോഷ്യയിലെ ഹാലിഫാക്‌സ് നഗരത്തിലെ ജോസഫ് ഹോവ് എലമെന്ററി സ്കൂൾ… ഭിന്നശേഷിക്കാരോടുള്ള സമീപനം മാതൃകയാക്കേണ്ട സ്ഥാപനങ്ങൾ… മക്കൾക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കുന്നതിൽ രക്ഷിതാക്കളേക്കാളേറെ ആവേശം കാണിക്കുന്ന സർക്കാർ സംവിധാനവും അധ്യാപകരും ചുറ്റുപാടും… ശാരീരിക മാനസിക അവസ്ഥയെക്കളേറെ പ്രായമാണ് സ്കൂളിലേക്കുള്ള അഡ്മിഷന് യോഗ്യത നിർണയിക്കുന്നത്. 4 വയസ് വരെ വീട്ടിൽ വെച്ചും തെറാപ്പി സെന്ററുകളിൽ വെച്ചും പരിശീലനം നൽകപ്പെടുന്നു. നാലു വയസ് പൂർത്തിയായാൽ സ്കൂളിൽ നിർബന്ധമായും പോകണം. ട്യൂബിൽ ഭക്ഷണം കഴിക്കുന്ന അവസ്ഥയിലുള്ള കുട്ടി ഉൾപ്പെടെ സ്കൂളിന്റെ ഉൾച്ചേർച്ച ഭംഗിയാക്കുന്നു. കളിയിലൂടെ പഠനം പ്രോത്സാഹിപ്പിക്കുന്ന ലളിതമായ സിലബസ്. കുട്ടിയുടെ ആവശ്യത്തിനനുസരിച്ചു കോഴ്‌സ് രൂപകല്പന ചെയ്യാനുള്ള അവസരം. സാധാരണ കുട്ടികൾക്ക് പോലും ഭാരമുള്ള നമ്മുടെ നാട്ടിലെ സ്‌കൂൾ സിലബസ് കൂടിയാകാം  ഭിന്നശേഷി കുട്ടികളെ ക്ലാസ് മുറികൾക്ക് പുറത്ത് നിർത്തുന്നത്!

എല്ലാ സഹായ സംവിധാനങ്ങളും സാധാരണ സ്കൂളുകൾ വഴി മാത്രം. വർഷത്തിൽ ഏതു സമയം വേണമെങ്കിലും അഡ്മിഷൻ എടുക്കാം. വിവിധ തെറാപ്പിസ്റ്റുകളുടെയും സോഷ്യൽ വർക്കറുടെയും നേതൃത്വത്തിലുള്ള ടീം കുട്ടിയെ കണ്ടു രക്ഷിതാക്കളോട് ചർച്ച ചെയ്തു ഓരോ കുട്ടിക്കും വേണ്ട പദ്ധതി അടുത്ത ആഴ്ച്ച തന്നെ സമർപ്പിക്കുന്നു. അഞ്ചു സ്കൂളിന് ഒന്നു എന്ന രീതിയിൽ പ്രവർത്തിക്കുന്ന ഒരു നഴ്‌സ് സ്കൂൾ സമയത്ത് നൽകേണ്ട മരുന്നിന്റെ പ്ലാൻ ഉണ്ടാക്കുന്നു. ജനിച്ചത് മുതൽ മറ്റൊരാളുടെ കയ്യിൽ ഏൽപ്പിച്ചു പോകാൻ മനസ്സ് വരാത്ത രക്ഷിതാക്കൾക്ക് ധൈര്യം തരുന്ന വാക്കുകൾ. ആദ്യ ആഴ്‌ച്ച മാത്രമേ രക്ഷിതാവ് വരാൻ പാടുള്ളൂ എന്നു പറയുമ്പോഴും കുട്ടിയുടെ ഓരോ അനക്കവും അറിയിക്കാൻ ഉള്ള സാങ്കേതിക സംവിധാനങ്ങൾ…

എന്തെങ്കിലും അത്യാവശ്യം വരുമ്പോൾ വിളിക്കാൻ ആംബുലൻസ് സേവനം. സ്ഥലത്തെ ഏറ്റവും മികച്ച ആശുപത്രിയിൽ നിന്നുള്ള ന്യൂറോളജിസ്റ്റിന്റെയും ഡോക്ടർമാരുടെയും റിഹാബിലിറ്റേഷൻ ടീമിന്റെയും സേവനം ഉറപ്പു വരുത്തുന്നത് സ്കൂളിൽ നിന്ന് തന്നെ… ഓരോ കുട്ടിക്കും പ്രത്യേകം അസിസ്റ്റന്റ്, ലിഫ്റ്റ്, സൗജന്യമായി ബസ്, ടാബ് എന്നിങ്ങനെ എന്തൊക്കെയാണോ ഒരു ഭിന്നശേഷി കുട്ടിയെ സ്കൂളിൽ നിന്ന് അകറ്റുന്നത് അവക്കെല്ലാം പ്രായോഗിക പരിഹാരം… സ്കൂളിൽ നിന്നും തിരിച്ചു വരുന്ന വഴിക്ക് നൽകുന്ന ഭക്ഷണം (after school snacks), വീട്ടിൽ വേണ്ട സംവിധാനങ്ങൾ (കുടുംബത്തിന്റേതടക്കം), സ്കൂൾ ഇല്ലാത്ത ദിവസങ്ങളിലെ ഡേ കെയർ (parent break) എന്നിവയെല്ലാം ഏറ്റെടുക്കുന്ന സന്നദ്ധ സംഘടനകൾ…

ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്ക് നികുതിയിൽ ഇളവ്, സാധാരണ കുട്ടികൾക്ക് എല്ലാ മാസവും കിട്ടുന്നതിനെക്കാളും ഏറെ സബ്‌സിഡി, ഇൻഷുറൻസ് തുടങ്ങിയ ആനുകൂല്യങ്ങളും… 

സാമ്പത്തിക ആനുകൂല്യങ്ങളേക്കാളേറെ കാഴ്ചപ്പാടിലും സമീപനത്തിലും ഉള്ള വ്യത്യാസങ്ങൾ ഭിന്നശേഷി സൗഹൃദ സമൂഹം ഉണ്ടാക്കാൻ നമുക്കും പാഠമാണ്.

ചെറിയ പ്രായത്തിൽ തന്നെ ഭിന്നശേഷി കുട്ടികളെ കണ്ടും ഇടപെഴകിയും വളരുന്നത് കൊണ്ടാകാം ഇവിടെ ഒരാൾക്കും ഭിന്നശേഷിക്കാരോട് ‘അന്യത’ തോന്നാത്തത്. അതിനെക്കാളേറെ സഹതാപത്തിന്റെയും സഹാനുഭൂതിയുടെയും അപ്പുറമുള്ള ഒരു വികാരമാണ് ഭിന്നശേഷിക്കാരോട് ഈ നാട് കാണിക്കുന്നത്. “എന്റെ കുട്ടി ഡിസേബ്ൾഡ് ആണ്” എന്ന് പറയുമ്പോഴുള്ള അവരുടെ മറുപടിയിൽ എല്ലാം ഉണ്ട് അത്.. “ഓഹ്, ഗ്രേറ്റ്”

അടുത്ത ആഴ്ച്ച മുതൽ ഞാനും മറ്റൊരു സ്കൂളിൽ ചേരുകയാണ്. ഭിന്നശേഷി കുട്ടികളോടുള്ള സമീപനവും കാഴ്ചപ്പാടുകളും തിരിച്ചറിയാനും സ്വന്തത്തെ തിരുത്താനും..

(തുടരും)

Muhammed Hazrath

Rayan Foundation

Share