Search

Inspiring Stories

ധർമ്മേന്ദ്രന്റെ ജീവിതം മാറുകയാണ്..

ധർമ്മേന്ദ്രൻ ആരാണ്.?

അത് ധർമ്മേന്ദ്രനും അറിയില്ല !

മനസ്സ് കൈവിട്ട് സ്വന്തത്തെയും ജീവിതപരിസരങ്ങളെയും മറന്ന് തിന്നുന്നതും കുടിക്കുന്നതും എന്താണ് എന്നത് പോലും മറന്ന് അയാൾ അലഞ്ഞു,

ചിലപ്പോൾ മാലിന്യങ്ങൾ വാരിത്തിന്നു, വാതോരാതെ പറഞ്ഞും

ചിരിച്ചും നഗരത്തിൻ്റെ തിരക്കിൽ ധർമ്മേന്ദ്രൻ ചുറ്റിത്തിരിഞ്ഞു. പാതവക്കിൽ ഉറങ്ങി.

പാതയും പാതയോരവും തിരിച്ചറിയാതെ നടന്ന

ഒരു പകലിൽ ഏതോ ഒരു വണ്ടി ധർമേന്ദ്രനെ ഇടിച്ചു വീഴ്ത്തി.

ആരോ അയാളെ കണ്ണൂർ ജില്ലാ  ആശുപത്രിയിലെത്തിച്ചു.

ആശുപത്രിയിൽ ഡോ. ദീപക് അശോകിൻ്റെ നേതൃത്വത്തിൽ ധർമ്മേന്ദ്രൻ്റെ കാലിൻ്റെ സർജ്ജറി കഴിഞ്ഞു. പരിചരിക്കാനും സംരക്ഷിക്കാനും ആളില്ലാത്തതിനാൽ കണ്ണൂർ തണൽ സ്നേഹവീട്   ധർമ്മേന്ദ്രനെ ഏറ്റെടുത്തു.

കാലിൻ്റെ പരിക്ക് ഭേദമായെങ്കിലും ധർമ്മേന്ദ്രൻ്റെ മനസ്സിൻ്റെ പരിക്ക് ഭേദമായിരുന്നില്ല.

സൈക്യാട്രിക് വിദഗ്ധൻ്റെ സഹായത്തോടെ ധർമ്മേന്ദ്രനെ ജീവിതത്തിലക്ക് തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പരിചാരകരുടെ കണ്ണ് തെറ്റിയാൽ സ്വന്തം മൂത്രം തന്നെ കുടിച്ച് കളയുന്നത്ര പരിതാപകരമായ അവസ്ഥയിൽ നിന്ന് ധർമ്മേന്ദ്രൻ മെല്ലെ മെല്ലെ പുറത്ത് വന്നു. ഹിന്ദിയിൽ സ്വന്തം ദേശത്തിൻ്റെ പേരും നുറുങ്ങ് നുറുങ്ങ് വാക്കുകളും അയാളുടെ സംസാരത്തിൽ രൂപം കൊണ്ടു.

കടലാസും പേനയും കൊടുത്തപ്പോൾ ക്രമേണ മേൽവിലാസം അക്ഷരങ്ങളായി കടലാസിൽ തെളിഞ്ഞു വന്നു. പൊതുപ്രവർത്തകർ ആ സ്ഥലങ്ങൾ അന്വേഷിച്ചു.

മധ്യപ്രദേശിലെ ദാമു വില്ലേജിലെ പത്തരിയ എന്ന സ്ഥലത്താണെന്നും അച്ചൻ ഡോക്ടറായിരുന്നെന്നും മരണപ്പെട്ടു പോയെന്നും മനസ്സിലാക്കി.

സഹോദരങ്ങൾ അടക്കമുള്ള കുടുംബാംഗങ്ങളുടെ പേര് കടലാസ്സിലേക്ക് പകർന്നതോടെ 

കാര്യങ്ങൾ കൂടുതൽ എളുപ്പമായി. മധ്യപ്രദേശ് സാമൂഹ്യ ക്ഷേമ വകുപ്പ് പ്രതിനിധി

അർപ്രീത് വർമ്മ എന്നയാളുമയി ബന്ധപ്പെട്ടു. സഹോദരനെ കണ്ടെത്തിയ വിവരം അർപ്രീത് വർമ്മ അറിയിച്ചതോടെ തണൽ വീട്ടിൽ സന്തോഷം നിറഞ്ഞു.

2024മെയ് 13ന് ധർമ്മേന്ദ്രൻ്റെ സഹോദരൻ സോനു കോറി കണ്ണൂർ തണൽ സ്നേഹവീട്ടിലെത്തി ധർമ്മേന്ദ്രനെ കൂട്ടി കൊണ്ട് പോയി.

ഒരു ജീവിതം കര കയറുകയാണ്…

Share