News

നാഷണൽ സെറിബ്രൽ പാൾസി അത്‌ലറ്റിക് മീറ്റിൽ തണൽ സ്കൂളിലെ നാഫിസിന് വെള്ളി മെഡൽ

മിനിസ്ട്രി ഓഫ് യൂത്ത് അഫേഴ്സും ( MYAS) വേൾഡ് എബിലിറ്റി സ്പോർട്സും ( WAS ) , സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും ചേർന്ന് ന്യൂഡൽഹിയിൽ സംഘടിപ്പിച്ച നാഷണൽ സെറിബ്രൽ പാൾസി അത്‌ലറ്റിക് മീറ്റിൽ വെള്ളി, ബ്രോൺസ് മെഡലുകൾ നേടി കുറ്റ്യാടി തണൽ കരുണ സ്ക്കൂളിലെ നാഫിസ് ഭിന്നശേഷി കായികരംഗത്ത് മികവ് തെളിയിച്ചു. പാലേരി ചെറിയ കുമ്പളം ചാലക്കര മീത്തൽ മുഹമ്മദ് റാഫിയുടെയും സീനത്തിൻ്റെയും മകനായ നാഫിസ് ക്ലബ്ബ് ത്രോ, മൽസരത്തിൽ വെള്ളിയും ജാവലിംഗ് ത്രോയിൽ ബ്രോൺസ് മെഡലുമാണ് സ്വന്തമാക്കിയത്. ന്യൂഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഏപ്രിൽ 25 മുതൽ 28 വരെ നടന്ന നാഷണൽ മീറ്റിൽ 28 സംസ്ഥാനങ്ങളിൽ നിന്നുളള മൽസരാർത്ഥികളോട് എതിരിട്ടാണ് നാഫിസ് ഈ മിന്നും വിജയം സ്വന്തമാക്കിയത്. സ്ക്കൂളിലെ തന്നെ മറ്റൊരുതാരം സനുരാജിന് ചെറിയ അകലത്തിലാണ് മെഡൽ നഷ്ടമായത്. കുറുവന്തേരി ഇളയിടം രാജൻ്റെയും സീനയുടെയും മകനായ സനുരാജ് ഡിസ്കസ്ത്രോ ജാവലിംഗ് ത്രോ ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ചു .
നാഷണൽ മീറ്റിലേക്ക് രണ്ട് മിടുക്കരെ സംഭാവനചെയ്യാൻ കഴിഞ്ഞ കുറ്റ്യാടി തണൽ സ്കൂളിൻ്റെ ഓരോചുവടും അഭിമാനകരവും മാതൃകാപരവുമാണ്. നാഫിസിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു.
നാളെ വൈകീട്ട് ഡൽഹിയിൽ നിന്നും മടങ്ങുന്ന തണലിൻ്റെ പ്രതിഭകൾക്ക് മെയ് 2 ന് വടകര റെയിൽവെസ്റ്റേഷനിൽ സ്വീകരണമൊരുക്കാനുള്ള തിടുക്കത്തിലാണ് നാടും നാട്ടുകാരും .

Share