Search

Upcoming Event

കൂടെ -2023

250 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ശസ്ത്രക്രിയയുമായി തണല്‍ വടകരയും ആസ്റ്റര്‍ മിംസും കൈകോര്‍ക്കുന്നു

നിര്‍ധന കുടുംബങ്ങളിലെ ഭിന്നശേഷിക്കാരായ 102  കുഞ്ഞുങ്ങള്‍ക്ക് സൗജന്യ അസ്ഥി വൈകല്യ  ശസ്ത്രക്രിയ (Deformity Correction Surgery) നല്‍കുവാനായി തണല്‍ വടകരയുടെ നേതൃത്വത്തില്‍ ആസ്റ്റര്‍ മിംസുമായി സഹകരിച്ച് നടപ്പിലാക്കിയ ‘കൂടെ 2022’ അതിന്റെ ലക്ഷ്യം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. 

രണ്ട് കോടിയിലധികം ചെലവ് വരുന്ന ശസ്ത്രക്രിയകളാണ് കുഞ്ഞുങ്ങള്‍ക്ക് സൗജന്യമായി നിര്‍വ്വഹിച്ച് നല്‍കിയത്.

2022 മാര്‍ച്ച് 1ാം തിയ്യതിയായിരുന്നു പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. കേരളത്തിന്റെ എല്ലാഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് അന്വേഷണങ്ങള്‍ വന്നതില്‍ നിന്ന് വിവിധ പ്രദേശങ്ങളിലായി ആസ്റ്റർ ഗ്രൂപ്പ് ഹോസ്പിറ്റലുകളിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ 2500 ൽ അധികം കുഞ്ഞുങ്ങളെ പരിശോധിച്ചു. ഇതില്‍ നിന്ന് 828 പേരെ കോഴിക്കോട് ആസ്റ്റര്‍ മിംസിലെ പീഡിയാട്രിക് ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. മഹേന്ദ്രവര്‍മ്മയുടെ നേതൃത്വത്തില്‍  വിദഗ്ദ്ധ പരിശോധനകള്‍ക്കായി നിര്‍ദ്ദേശിച്ചു. ഇതില്‍ ഏറ്റവും  അര്‍ഹരായ 102 പേര്‍ക്ക് തികച്ചും സൗജന്യമായി ശസ്ത്രക്രിയ നിര്‍വ്വഹിച്ചു നല്‍കുകയും ചെയ്തു.

ഈ ലക്ഷ്യം വിജയകരമായി പൂര്‍ത്തീകരച്ചതിനെ തുടര്‍ന്ന് ഇതിന്റെ തുടര്‍ച്ചയായി ‘കൂടെ 2023’ എന്ന പദ്ധതി ഇന്ന് പ്രഖ്യാപിക്കുകയാണ്. ഇന്ത്യയിൽ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് സൗജന്യ അടിയന്തര ജീവന്‍രക്ഷാ ശസ്ത്രക്രിയ നിര്‍വ്വഹിച്ച് നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.  250 പേര്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. ഭിന്നശേഷിക്കാരുള്‍പ്പെടെ കേരളത്തിനകത്തും പുറത്തുമുള്ള കുട്ടികൾക്ക് അപസ്മാരം, ഹൃദയസംബന്ധമായ ശസ്ത്രക്രിയ, തുടങ്ങി അവയവ മാറ്റ ശസ്ത്രക്രിയ വരെയുള്ളവ ഈ പദ്ധതിയില്‍ ഉള്‍പ്പെടും. 2023 ജനുവരി മുതല്‍ ആരംഭിക്കുന്ന ‘കൂടെ 2023’ ഉപയോഗപ്പെടുത്തി അര്‍ഹരായ പരമാവധി പേരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കുക എന്നതാണ് തണലും ആസ്റ്ററും ലക്ഷ്യം വെക്കുന്നത്.

ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ദേശപോഷിണി കമ്യൂണിറ്റി ഹാളില്‍ വെച്ച് നടത്തുന്ന പരിപാടിയില്‍ വെച്ച് കോഴിക്കോട് എം പി. ശ്രീ. എം കെ രാഘവന്‍ പദ്ധതി പ്രഖ്യാപിക്കും. ‘കൂടെ 2023’ ന് പുറെ ‘മൈല്‍സ്‌റ്റോണ്‍’ എന്ന പേരില്‍ എസ് എം എ രോഗബാധിതരായവര്‍ ഉള്‍പ്പെടെയുള്ള കുഞ്ഞുങ്ങള്‍ക്ക് കുറഞ്ഞ ചിലവിൽ മികച്ച ചികിത്സ ലഭ്യമാക്കുവാനുള്ള സംരംഭം കോഴിക്കോട് മാങ്കാവ് കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഈ സെന്ററിന്റെ ഔപചാരികമായ ഉദ്ഘാടനം ഡിസംബര്‍ 3 ന് പദ്മശ്രീ ഡോ. ആസാദ് മൂപ്പന്‍ നിര്‍വ്വഹിക്കും.

5 കോടി ചെലവ് പ്രതീക്ഷിക്കുന്ന ഈ പ്രോജെക്ടിൽ, തണലിനൊപ്പം ആസ്റ്റര്‍ വളണ്ടിയേഴ്‌സ്, കോഴിക്കോട് ആസ്റ്റര്‍ മിംസ് എന്നിവരുടെ കൂടി സഹായത്തോടെയാണ് ശസ്ത്രക്രിയയ്ക്ക് ആവശ്യമായ സാമ്പത്തിക പിന്‍തുണ കണ്ടെത്തുന്നത്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് മുഴുവന്‍ സമയവും പ്രവര്‍ത്തന നിരതമായ ഹെല്‍പ്പലൈന്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.: 

+91 8113098000 

+91 7902881010

Share